Wednesday, 31 October 2012

ആദ്യം ഒരു ചടങ്ങ് പോലെ ക്ഷമിക്കുക പിന്നെ മടിക്കാതെ പ്രതികരിക്കുക

മനുഷ്യനില്‍ അധമവാസനകള്‍ ഉണ്ടാവുക സ്വാഭാവികം ആണ്. ഇന്നത്തെ സമൂഹത്തില്‍ അതിനുള്ള പ്രേരണ കൂട്ടുന്നതാണ് ഓരോന്നും. വിദ്യാഭ്യാസം പോലും. അതിനെ അതിജീവിക്കുന്ന വിഷയത്തില്‍ ആണ് അറിവ് നേടേണ്ടത്. അത്തരം അറിവുകളിലേക്ക്   ആണ് ഭാരതീയശാസ്ത്രങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. 

ഒരു നെഗറ്റീവ് ചിന്തയെ എങ്ങനെ പോസിറ്റീവ് ആയി മാറ്റാം? നര്‍മഭാവനയിലൂടെ അതിനെ നോക്കിക്കാണാന്‍ ശ്രമിക്കുക എന്നതാണ് ഒരു മാര്‍ഗം. വിരോധികളുടെ മര്‍മ്മം പോലും ഭേദിക്കാന്‍ നര്‍മ്മത്തിന് കഴിയും.  അത് നിര്ദോഷം അത്രേ! 

ചാത്തം  ഉണ്ണുന്ന ആള്‍ സുശ്രാദ്ധമസ്തു  പറയുന്നതിന് പകരം ഇങ്ങനെ പറയുന്നു എന്ന് കരുതുക "ങ്ഹും..  സുശ്രാദ്ധം എന്ന് പറഞ്ഞാല്‍ അതിനര്‍ഥം എല്ലാം നന്നായി എന്നല്ലേ? ... പക്ഷെ അങ്ങനെ പറഞ്ഞാല്‍ അതൊരു വലിയ ദോഷം ആവും... കാരണം ഇവിടെ നന്നായി എന്ന് പറയാന്‍ ഞാന്‍ ഒരു വസ്തുവും കണ്ടില്ല... ഹവ്യത്തില്‍ ആണെങ്കില്‍ മുഴുവന്‍ കല്ല്‌. എന്റെ പല്ലും പോയി.. മോണ പൊട്ടി ചോര പൊടിഞ്ഞു... അറിയുവോ?... ഇവിടുത്തെ പുളിശേരിക്ക് വരെ ഭയങ്കര  ഉപ്പാ... പറയാം ന്നു വച്ചാല്‍തന്നെ  ആര് കേള്‍ക്കാന്‍! ... അടുക്കളയില്‍ ഒക്കെ എന്താ ബഹളം? .... പെണ്‍കുട്ടി വന്നിട്ട് ആദ്യത്തെ ബലി അല്ലെ? ... അപ്പൊ ഇത്രയൊക്കെ ശകാരിക്കാന്‍ പാടുണ്ടോ?...  ആള്‍ക്കാരുടെ സമക്ഷത്തു അധിക്ഷേപിക്ക്യെ? ... ഇങ്ങനെ ചാത്തം ഊട്ടീട്ടു എന്താ കാര്യം? ... അതുകൊണ്ട് ഇനി മേലാല്‍ ഇതുപോലെ ആവര്‍ത്തിക്കരുത്. ... പറഞ്ഞത് മനസ്സിലായോ?... അത് ഉറപ്പു തരാം എന്നുണ്ടെങ്കില്‍ സുശ്രാദ്ധം പറയാം." 

ഇങ്ങനെ തുറന്നു അടിച്ചിരുന്നു എങ്കില്‍ എന്താവും പ്രതികരണം? ചാത്തം ഉണ്ട മറ്റുള്ളവര്‍ കൂടി പറഞ്ഞ ആളിന് എതിരെ തിരിയും. അധികപ്രസംഗി, താന്തോന്നി, വകതിരിവ് കേട്ടവന്‍, സംസ്കാര ശൂന്യന്‍... പിന്നെ മേലാല്‍ അവനെ ആരും ചാത്തത്തിനു വിളിക്കാതെയും ആവും. പഴയ കാലത്താണെങ്കില്‍ ഭ്രഷ്ടും.

വിഷമത്തോടെ ആയാലും സന്തോഷം നടിച്ചു സുശ്രാദ്ധം പറഞ്ഞു പോന്നത് കൊണ്ട് പിന്നീട് ആ ഓര്‍മകളില്‍ നിന്നും
 ഇങ്ങനെ ഒരു കവിത എഴുതാനും പ്രസിദ്ധീകരിക്കാനും  സാധിച്ചു. വേണ്ടതിലധികം അതിശയോക്തി അലങ്കാരങ്ങളോടെ.  കവിത നെഗറ്റീവ് ആകാം. ബന്ധപ്പെട്ട സംഭവം അതിലും വലിയ നെഗറ്റീവ് ആണ്. രണ്ടും കൂടി ചേരുമ്പോള്‍  പോസിറ്റീവ് ആകും. 

No comments:

Post a Comment