Wednesday, 31 October 2012

ആദ്യം ഒരു ചടങ്ങ് പോലെ ക്ഷമിക്കുക പിന്നെ മടിക്കാതെ പ്രതികരിക്കുക

മനുഷ്യനില്‍ അധമവാസനകള്‍ ഉണ്ടാവുക സ്വാഭാവികം ആണ്. ഇന്നത്തെ സമൂഹത്തില്‍ അതിനുള്ള പ്രേരണ കൂട്ടുന്നതാണ് ഓരോന്നും. വിദ്യാഭ്യാസം പോലും. അതിനെ അതിജീവിക്കുന്ന വിഷയത്തില്‍ ആണ് അറിവ് നേടേണ്ടത്. അത്തരം അറിവുകളിലേക്ക്   ആണ് ഭാരതീയശാസ്ത്രങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. 

ഒരു നെഗറ്റീവ് ചിന്തയെ എങ്ങനെ പോസിറ്റീവ് ആയി മാറ്റാം? നര്‍മഭാവനയിലൂടെ അതിനെ നോക്കിക്കാണാന്‍ ശ്രമിക്കുക എന്നതാണ് ഒരു മാര്‍ഗം. വിരോധികളുടെ മര്‍മ്മം പോലും ഭേദിക്കാന്‍ നര്‍മ്മത്തിന് കഴിയും.  അത് നിര്ദോഷം അത്രേ! 

ചാത്തം  ഉണ്ണുന്ന ആള്‍ സുശ്രാദ്ധമസ്തു  പറയുന്നതിന് പകരം ഇങ്ങനെ പറയുന്നു എന്ന് കരുതുക "ങ്ഹും..  സുശ്രാദ്ധം എന്ന് പറഞ്ഞാല്‍ അതിനര്‍ഥം എല്ലാം നന്നായി എന്നല്ലേ? ... പക്ഷെ അങ്ങനെ പറഞ്ഞാല്‍ അതൊരു വലിയ ദോഷം ആവും... കാരണം ഇവിടെ നന്നായി എന്ന് പറയാന്‍ ഞാന്‍ ഒരു വസ്തുവും കണ്ടില്ല... ഹവ്യത്തില്‍ ആണെങ്കില്‍ മുഴുവന്‍ കല്ല്‌. എന്റെ പല്ലും പോയി.. മോണ പൊട്ടി ചോര പൊടിഞ്ഞു... അറിയുവോ?... ഇവിടുത്തെ പുളിശേരിക്ക് വരെ ഭയങ്കര  ഉപ്പാ... പറയാം ന്നു വച്ചാല്‍തന്നെ  ആര് കേള്‍ക്കാന്‍! ... അടുക്കളയില്‍ ഒക്കെ എന്താ ബഹളം? .... പെണ്‍കുട്ടി വന്നിട്ട് ആദ്യത്തെ ബലി അല്ലെ? ... അപ്പൊ ഇത്രയൊക്കെ ശകാരിക്കാന്‍ പാടുണ്ടോ?...  ആള്‍ക്കാരുടെ സമക്ഷത്തു അധിക്ഷേപിക്ക്യെ? ... ഇങ്ങനെ ചാത്തം ഊട്ടീട്ടു എന്താ കാര്യം? ... അതുകൊണ്ട് ഇനി മേലാല്‍ ഇതുപോലെ ആവര്‍ത്തിക്കരുത്. ... പറഞ്ഞത് മനസ്സിലായോ?... അത് ഉറപ്പു തരാം എന്നുണ്ടെങ്കില്‍ സുശ്രാദ്ധം പറയാം." 

ഇങ്ങനെ തുറന്നു അടിച്ചിരുന്നു എങ്കില്‍ എന്താവും പ്രതികരണം? ചാത്തം ഉണ്ട മറ്റുള്ളവര്‍ കൂടി പറഞ്ഞ ആളിന് എതിരെ തിരിയും. അധികപ്രസംഗി, താന്തോന്നി, വകതിരിവ് കേട്ടവന്‍, സംസ്കാര ശൂന്യന്‍... പിന്നെ മേലാല്‍ അവനെ ആരും ചാത്തത്തിനു വിളിക്കാതെയും ആവും. പഴയ കാലത്താണെങ്കില്‍ ഭ്രഷ്ടും.

വിഷമത്തോടെ ആയാലും സന്തോഷം നടിച്ചു സുശ്രാദ്ധം പറഞ്ഞു പോന്നത് കൊണ്ട് പിന്നീട് ആ ഓര്‍മകളില്‍ നിന്നും
 ഇങ്ങനെ ഒരു കവിത എഴുതാനും പ്രസിദ്ധീകരിക്കാനും  സാധിച്ചു. വേണ്ടതിലധികം അതിശയോക്തി അലങ്കാരങ്ങളോടെ.  കവിത നെഗറ്റീവ് ആകാം. ബന്ധപ്പെട്ട സംഭവം അതിലും വലിയ നെഗറ്റീവ് ആണ്. രണ്ടും കൂടി ചേരുമ്പോള്‍  പോസിറ്റീവ് ആകും. 

Monday, 22 October 2012

സുശ്രാദ്ധമസ്തു

സുശ്രാദ്ധമസ്തു എന്നത് ശ്രാദ്ധം നന്നായി എന്ന അര്‍ത്ഥത്തില്‍  ഉണ്ടവര്‍ ചൊല്ലുന്ന അനുഗ്രഹ വചസ്സു ആണ്.  പിതൃക്കന്മാരെ അനുസ്മരിച്ചുകൊണ്ട്  ഉള്ള കര്‍മം ആണ് ശ്രാദ്ധം അഥവാ ചാത്തം. അവര്‍ മരിച്ച ദിവസങ്ങളില്‍ യോഗ്യരായ ബ്രാഹ്മണരെ വിളിച്ചു വരുത്തി ഭോജനവും വസ്ത്രാദി ദ്രവ്യങ്ങളും ദാനം നല്‍കി മക്കളും മരുമക്കളും ഒത്തുകൂടി രാവിലെ പ്രത്യേകം കുളിച്ചു ശുദ്ധമായി അതീവ ശ്രദ്ധയോടെ ചെയ്യേണ്ട ചടങ്ങ് ആണ് ഇത്. എന്നാല്‍ ഇപ്പോള്‍ പലദിക്കിലും ഇത്തരം ക്രിയകള്‍ ലോപിച്ച് മുടങ്ങുന്ന സ്ഥിതി ആണ് ഉള്ളത്. ചെയ്യുന്ന ഇടങ്ങളിലും വേണ്ടത് പോലെ ആവാന്‍ പ്രയാസം. ഒരു ദിക്കില്‍ ചാത്തം ഉണ്ണാന്‍ പോയപ്പോള്‍ ഉണ്ടായ രസകരം ആയ ചില അനുഭവങ്ങളുടെ ഓര്‍മയാണ് കവിതയില്‍. കുറെയൊക്കെ അതിശയോക്തിയും ഉണ്ടെന്നു വച്ചോളൂ.  

ഇതിലെ ചിത്രത്തിന് ഇതിനോട് ബന്ധമില്ല. നെറ്റില്‍ നിന്ന് കിട്ടിയ ഒരു ചിത്രം എന്നേയുള്ളൂ.

Sunday, 14 October 2012

എന്റെ ചില നഗ്നസത്യങ്ങള്‍

നരകത്തിലെ സുഹൃത്തുക്കളെ, 

കുറച്ചു ദിവസം ആയി ഇവിടെ വന്നിട്ട്. ഇതിനു അര്‍ഥം ഞാന്‍ അങ്ങ് സ്വര്‍ഗത്തില്‍ പോയിരുന്നു സുഖിക്കുക ആയിരുന്നു എന്നല്ല. അവിടെയും പോകാറില്ല.
ഞാന്‍ രണ്ടു ദിവസം ആയി ഭൂമിയില്‍ ബ്ലോഗ്‌ എടുക്കുക ആയിരുന്നു. നാട്ടുവിചാരം ആണ് ഒടുവില്‍ എടുത്ത വിഷയം. അതില്‍ എന്റെ നാട്ടുകാരനായ  മുഖ്യമന്ത്രിയെക്കുറിച്ചു നല്ലതല്ലാത്ത പരാമര്‍ശം ഉണ്ട്. എന്നാല്‍ വിമര്‍ശനം എന്ന് പറയാനില്ല. പക്ഷെ തോന്നും. കൂടുതല്‍ തോന്നും. ഡോസ് കുറവ് ആകുന്നതാ അവിടെ ഭംഗി. കൂടുതല്‍ പറഞ്ഞിട്ട് എന്തു കാര്യം. ഇത്രയല്ലേ പറഞ്ഞുള്ളൂ എന്ന് വിചാരിച്ചു എങ്കിലും അദ്ദേഹം അല്പം സമാധാനിക്കട്ടെ. 

നരകത്തിലോ സ്വര്‍ഗത്തിലോ ഭൂമിയിലോ ഇരിക്കാന്‍ പറ്റുന്ന ഒരു ഉറച്ച ഭാവം മനസ്സിന് വരുന്നില്ല എന്നതാണ് സത്യം. എവിടെ ആയിരുന്നാലും ഒന്നേ നിര്‍ബന്ധമുള്ളൂ. ബ്ലോഗ്‌ എഴുതാന്‍ സാധിക്കണം.

എങ്ങനെ മൂന്നു ബ്ലോഗുകള്‍ എഴുതാന്‍ സാധിക്കുന്നു എന്ന് ചിലര്‍ അത്ഭുതത്തോടെ ചോദിച്ചു. മൂന്നല്ല അഞ്ചു വരെ ആകാം എന്ന് തോന്നുന്നുണ്ട്.  ഒരു അധ്യാപകനു നിത്യേന അഞ്ചു ക്ലാസ്സുകളില്‍ പോകേണ്ടി വരില്ലേ? അതുപോലെയേ ഉള്ളൂ. വിഷയം കിട്ടി കഴിഞ്ഞാല്‍ അര മണിക്കൂര്‍ മതി ഒരു ബ്ലോഗ്‌ തട്ടിക്കൂട്ടാന്‍.

വിഷയദാരിദ്ര്യം എന്ന് ഒന്നില്ല. അമിതമായി എഴുതി വിട്ടാല്‍ വായിക്കുന്നവര്‍ക്കും ഒന്ന് ദഹിച്ചു വരേണ്ടേ എന്ന് വിചാരിച്ചാ.. കൂടാതെ നെറ്റിനു പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കാനും വിചാരിക്കുന്നുണ്ട്. വളരെ അധികം സാധ്യതകള്‍ കാണുന്നുണ്ട് എങ്കിലും വ്യക്തമായ ഒരു രൂപരേഖ ഇല്ലാതെ ഒന്നും എടുത്തുചാടി തുടങ്ങാന്‍ ആവില്ല. 

ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ റിവ്യൂ ചെയ്തു ഡോക്യുമെന്റ് തയ്യാറാക്കാന്‍പോലും സമയബന്ധിതം ആയി നടപ്പാകാതെ  വരുന്നു. ഇതിനു കാരണങ്ങള്‍ പലതാണ്.  നിശ്ചിത ദിശയില്‍ വലിയ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തില്‍  പ്രവര്‍ത്തിക്കാന്‍ ഉള്ളത് ഒരാള്‍ മാത്രം ആയാലോ? അതിനു സമയം എടുക്കും. അത്രേയുള്ളൂ.

ഒരു വര്‍ഷം പിന്നിട്ട ശാന്തിവിചാരം ആശയങ്ങള്‍ ക്രോഡീകരിച്ചും നവീകറിച്ചും ഒരു പുസ്തകം തല്ലിക്കൂട്ടണം എന്ന് കരുതുന്നു. പക്ഷെ അതാര് പ്രസിദ്ധീകരിക്കും? പലതും പറഞ്ഞാല്‍ പോലും പലര്‍ക്കും ഇഷ്ടം ആവുന്നില്ല. അപ്പോള്‍ പുസ്തകം ആക്കിയാല്‍ ആരെങ്കിലും സഹകരിക്കുമോ? 

എന്നാല്‍ പുതിയ ആശയങ്ങളെ സ്വീകരിക്കുന്നവരും  ഉണ്ടെന്നു ബ്ലോഗ്‌ പരിചയത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. സമൂഹത്തില്‍ അത്തരക്കാരെ കണ്ടെത്തുന്നതിനു ഗൂഗിളിന്റെ search engine പോരാ! അതിനു ഓഫീസില്‍ അല്ലെങ്കില്‍ വീട്ടില്‍ ഇരുന്നുള്ള എഴുത്ത് മാത്രവും പോരാ. അന്വേഷണയാത്രകള്‍ വേണ്ടിവരും. അതിനു വ്യക്തികളുടെയും സംഘടനകളുടെയും സഹകരണവും വേണ്ടിവരും. 

അവ ലഭിക്കാന്‍ ഉള്ള സാധ്യതകള്‍ തന്നെയാണ് ഇപ്പോള്‍ കൂടുതലായി കാണുന്നത്. സൌഹൃദ ചര്‍ച്ചകളിലൂടെ പുതിയ ആശയത്തെ എങ്ങനെ അവതരിപ്പിക്കണം എന്ന് കുറെയൊക്കെ പഠിക്കുന്നതിനു ഫേസ്ബുക്ക് ഗ്രൂപ്പ് ചര്‍ച്ചകള്‍ ഉപകരിച്ചിട്ടുണ്ട്.  
 
വായനയിലൂടെയും, പ്രതികരണത്തിലൂടെയും സഹകരിച്ചു നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി. 

Thursday, 4 October 2012

വക്കീലായാല്‍

ഇത് വരെ വിമര്‍ശകര്‍ കൈ വയ്ക്കാത്ത ഒരു വിഭാഗം ആണ് അഭിഭാഷകര്‍. അവരിലെ സഹൃദയര്ക്കായി ഇത് സമര്‍പ്പിക്കുന്നു. ഇത്തരം തമാശകള്‍ നിയമ വ്യവസ്ഥയെ മങ്ങല്‍ ഏല്‍പ്പിക്കുന്നത് ആണെന്നും, ഇത്തരം നീക്കങ്ങള്‍ മുളയിലെ നുള്ളണം എന്നും ഒക്കെ ഉള്ള അഭിപ്രായങ്ങള്‍ ഉണ്ടാവാം. അപ്പോഴും ഒരു സംശയം പ്രബലം ആകുന്നു. അത് ചോദിക്കാന്‍ പാടുണ്ടോ എന്നറിയില്ല.  

ആര്‍ക്കൊക്കെയോ വേണ്ടി ആരൊക്കെയോ ചേര്‍ന്ന് വിഭാവന ചെയ്തു ആരുടെയോ പേരില്‍ അവതരിപ്പിച്ചിട്ടുള്ള  നിശ്ചിതവ്യവസ്ഥകളുടെ എകാധിപത്യം  ആണോ 
ഇവിടെ ജനാധിപത്യം എന്ന പേരില്‍ അറിയപ്പെടുന്നത്?

അധികം തഴക്കവും പഴക്കവും ആയിട്ടില്ലാത്ത അവ റിവ്യൂ ചെയ്യാന്‍ ഇനിയും വൈകിക്കണോ? കാലാനുസൃതം ആയ പരിഷ്കരണം എല്ലാത്തിനും ആവശ്യമല്ലേ? 


ഇതാണ് മോക്ഷം

നിത്യേന ബ്ലോഗുകളിലൂടെ പ്രസിദ്ധീകരിച്ചു വന്നിരുന്ന എന്റെ വിചാരങ്ങളെ (ശാന്തി ആയാലും അശാന്തി ആയാലും) പിന്തുടര്‍ന്ന് വന്നിരുന്നവരില്‍ ചിലരെ മാത്രം എനിക്ക് അറിയാം. അവര്‍ ഇപ്പോള്‍ കുറച്ചെങ്കിലും വിഷമിക്കുന്നുണ്ടാവും. കാരണം ക്രിയാത്മകം  ആയാലും മൌനം പലര്‍ക്കും ദഹിക്കാത്ത ഒന്നാണ്. അത് ശൂന്യതയാണ്. 

മൌനത്തെ ദീക്ഷിക്കുന്നവന്‍ ആണ് മുനി. അവന്റെ നോട്ടത്തിനു വാക്കുകളേക്കാള്‍ വശ്യതയുണ്ട്. ശക്തിയുണ്ട്. തീക്ഷ്ണതയുണ്ട്. മൌനത്തെ ഭജിക്കണം എന്നൊരു മോഹം എനിക്കും ഉണ്ടായി. ഈ കസര്‍ത്ത് എല്ലാം അതിനായി ഉപേക്ഷിക്കാനും തീരുമാനം ആയി. അക്കാര്യം എന്റെ സമയരേഖ വഴി നാട്ടുകാരെ അല്ല കൂട്ടുകാരെ, അറിയിക്കുകയും ചെയ്തു. പലര്‍ക്കും സമാധാനം ആയതു അപ്പോള്‍ ആയിരുന്നു. എങ്കിലും ഒന്ന് രണ്ടു പേര്‍ വിഷമം അറിയിച്ചതായി ഓര്‍ക്കുന്നു.

എന്തായാലും അവിടുന്ന് അവിചാരിതം ആയി ഒരു തിരതല്ലല്‍ അഥവാ വേലിയേറ്റം ഉണ്ടായി. ദേ... പിറക്കുന്നു രണ്ടു ബ്ലോഗുകള്‍ കൂടി... നരകവും സ്വര്‍ഗ്ഗവും.. രണ്ടും ഭൂമിയെക്കാള്‍ ഭേദം!


ബ്ലോഗെഴുതി മരിച്ചവന്‍ എവിടെ ചെന്നാലും ആ പണി മറക്കില്ല. നരകത്തില്‍ ചെന്നപ്പോള്‍ അവിടെ കിടക്കുന്ന അഴീക്കോട് തുടങ്ങിയ പൂര്‍വസൂരികളെ കണ്ടെന്നു നടിക്കാതെ ബ്ലോഗ്‌ എഴുതിക്കൊണ്ടിരിക്കെ ആയിരുന്നു തിലകന്‍ ചേട്ടന്റെ വരവ്. അവര്‍ തമ്മില്‍ ഉള്ള സംവാദം.. ഇതിനൊന്നും കാതു കൊടുക്കാതെ എഴുത്തില്‍ മുഴുകുന്നത് കണ്ടു നരകത്തിലെ എഴുത്തുകാരുടെ  സംഘടന ആയ "അച്ഛന്‍" (അറിയപ്പെടും ഛത്ര ചാമാരാലംകൃത രചയിതാ യൂണിയന്‍) അവിടുന്ന് അടിച്ചോടിച്ചു. നമ്പൂതിരി ആയതു കൊണ്ടാവുമോ?.

ഇല്ലങ്ങള്‍ ഒക്കെ കുളംതോണ്ടി അവിടെ പാര്‍ട്ടി ഓഫീസു പണിതാലെ കേരളം നന്നാവൂ എന്ന് വല്ലിയ വായില്‍ പറഞ്ഞവരുടെ വേദാന്തം കേള്‍ക്കുന്നതിലും ഭേദം വല്ല സ്വര്‍ഗത്തിലും പോയി കട്ടുറുമ്പ് ആകുന്നതല്ലേ? എഴുത്തിനു അഴീക്കോടിന്റെ കണ്ണ് കിട്ടാതെ ഇരിക്കാന്‍ അവിടെ വച്ചു മുഴുവനും മംഗ്ലീഷില്‍ മറിച്ചിട്ടാ  കാച്ചിയത്.

അങ്ങനെ സ്വര്‍ഗത്തില്‍ എത്തി. അവിടെ എങ്ങും ആരുമില്ല. പറഞ്ഞാല്‍ വിശ്വസിക്കില്ല. ഇന്ദ്രന്റെ സിംഹാസനം ഒക്കെ കാലിയാ.. ഒരു സെക്യൂരിറ്റി ഗാര്‍ഡ് പോലും ഇല്ല. എല്ലാവരും ഇന്റര്‍നെറ്റ് നോക്കിയ കുറ്റത്തിന് കൂട്ടത്തോടെ നരകത്തിലേക്ക് തട്ടി എന്നാണു അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.

അങ്ങനെ ആണെങ്കില്‍ ഞാനും ഒരു ഇന്റര്‍ നെറ്റിന്റെ ആളാണേ എന്ന് സ്വയം പറഞ്ഞപ്പോള്‍ അശരീരി ഉണ്ടായി. "മഹാപാപം വല്ലതും കണ്ടാല്‍ നിന്റെയും ഗതി പാതാളം." അങ്ങനെ പാതാളത്തിലേക്ക്‌ തിരികെ പോകാന്‍ ഉള്ള വഴി മനസ്സിലാക്കി. അവിടെ ബോറടിക്കുമ്പോള്‍ ആവാം എന്ന് കരുതി.

ഇന്ദ്രന്റെ കോട്ടയില്‍ ഏകനായി ഇരുന്നിട്ടും നടന്നിട്ടും ഒട്ടും ബോറടിച്ചില്ല എന്നതാണ് വസ്തുത. ദാഹം വിശപ്പ്‌ തുടങ്ങിയ വികാരങ്ങള്‍ പോലും മറന്നുകൊണ്ട് പറന്നു നടക്കുന്ന മാനസികാവസ്ഥ. അപ്പോഴും മുജ്ജന്മ വാസന പിടി വിട്ടില്ല. ബ്ലോഗിങ്ങ്.. ദൈവ വിചാരത്തിന്റെ ഫലം ആണല്ലോ ഇവിടെ എത്തിയത് എന്നാല്‍ ദൈവവിചാരം എന്നൊരു ബ്ലോഗ്‌ തുടങ്ങാം എന്ന് കരുതി.  


അങ്ങനെ അതും തുടങ്ങി. വളരെ  പ്രലോഭാനീയം ആയ ദേവീമാഹാത്മ്യത്തില്‍ തുടങ്ങി... തുടക്കം ഗംഭീരം. പക്ഷെ എങ്ങനെ തുടരും? എന്തിനു തുടരണം? ഇവിടെ ഒരേ ഒരു ജോലിയെ ചെയ്യേണ്ടാതായിട്ടു ഉള്ളൂ. അത് ബ്ലോഗിങ്ങ് അല്ല. ഒരു പ്രത്യേക വസ്തുവിനെ വിഭാവന ചെയ്യല്‍. അത് മാത്രം. 

ആ വസ്തു എന്റെ മനസ്സില്‍ സ്ഥിതി ചെയ്യുന്നു. അതിനു നിശ്ചിത രൂപം ഉണ്ട്. നിശ്ചിത ഭാവം ഉണ്ട്. നിശ്ചിത ഗുണങ്ങള്‍ ഉണ്ടു. അത് വിശകലനം ചെയ്യാന്‍ എന്റെ കഴിവ് തുലോം അപര്യാപ്തം. തന്നെയല്ല അകാരണം ആയ വെളിപ്പെടുത്തലുകള്‍ അതിനു ആവശ്യമില്ല. ഉത്തമ ശ്രോതാക്കളോട് അല്ലാതെ ഒന്നും അറിയിക്കേണ്ടതില്ല. അറിയിക്കാന്‍ പാടില്ല. അതാണ്‌ അതിന്റെ ആഗ്രഹം. സിനിമയിലെ  സസ്പെന്‍സ് പോലെ അത് തല്‍ക്കാലം അങ്ങനെയിരിക്കട്ടെ. അല്ലെ. 

ഞാന്‍ പോകുവാ .. ഈ നരകത്തീന്നു എന്നേ മുന്‍പ് അടിച്ചു ഓടിച്ചതാ... ഇനി ഇതുപോലെ വല്ലപ്പോഴും പറക്കുന്ന വഴി ഇവിടെ ഒന്ന് ചവിട്ടി സ്ലോ ചെയ്യാം. ബൈ.