'ഞാന്‍ എന്റെ ആയ സമയത്ത് അങ്ങ് അമേരിക്കാവിലെയൊരു എമണ്ടന്‍ യൂനിവേഴ്സിറ്റിയില്‍ ഒരു കൊടികെട്ടിയ ശാസ്ത്രജ്ഞനായിരുന്നു. എന്റെ കൊടി കെട്ടിയ വടി കണ്ടു പൌരത്വവും യൂനിവേഴ്സിറ്റിയില്‍ പ്രഫസര്‍ സ്ഥാനവും വാഗ്ദാനം നല്‍കിക്കൊണ്ടു അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി എന്റെ പിറകേ നടന്നു. ഞാന്‍ ആരാ മോന്‍? സായിപ്പിന്റെ ട്രാപ്പില്‍ എന്റെയീ എമണ്ടന്‍ തല ഞാന്‍ വച്ചുകൊടുത്തില്ല. പുരികത്തിലെയൊരു രോമം പൊട്ടിച്ചു സായിപ്പിന് നേര്‍ക്ക് ഊതിപ്പറത്തിക്കൊണ്ട് ഞാനലറി, സായിപ്പേ സൂക്ഷിച്ചോ, ഞാന്‍ എന്റെ രാജ്യത്ത് പോയി ഒരു ഒലത്തു ഒലത്തും. എന്റെ ഒലത്തല്‍ കണ്ടു സായിപ്പു പറയും , നീ തങ്കപ്പനല്ലെഡാ, പൊന്നപ്പനാ പൊന്നപ്പനാ'
ഇത്രയും കേള്‍ക്കുമ്പോള്‍ ആള്‍ക്കാര്‍ വിചാരിക്കും, ഹോ, ഇയാള്‍ ഒരു പുലി ശാസ്ത്രഞ്ജന്‍ തന്നെ. അതാണ് ഈ സ്വയംഭൂ-ജാക്കിയുടെ പിന്നിലെ ചേതോവികാരവും. ഗോപാലകൃഷ്ണന്റെ വീട്ടിലെ ചെല്ലപ്പേര് ഹുസൈന്‍ കുന്നിന്മേല്‍ എന്നായതുകൊണ്ടാണ് അനിശ്ചിതത്വ-തത്വത്തിനു ഹുസൈന്‍കുന്നിന്മേലിന്റെ അനിശിചിതത്വ -തത്വം (Heisenberg's Uncertainty Principle) എന്ന പേര് വന്നത് എന്നൊക്കെയുള്ള തോന്നലുണ്ടാക്കിയാല്‍ മാത്രമേ ഐയ്യര്‍ ഐയ്യന്കാര്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയിലെ സാഹിത്യ സദസ്സ് ഒരു വിവേകാനന്ദന്‍ ശൈലിയില്‍, ഘനഗംഭീരമായ പ്രൌഡതയില്‍, അനങ്ങാതെ അങ്ങിനെ ഇരിക്കുകയുള്ളൂ. പോക്ക് കേസാണെന്ന് തോന്നിയാല്‍ സദസ്സിനു പിന്നെ ദാവൂദു ഇബ്രാഹിമിന്റെ ഐ ക്യു ആണ് , പൊളിച്ചടുക്കി കൈയ്യില്‍ കൊടുക്കും [ഐ ക്യു വിന്റെ ആപേക്ഷികത, ഓലപ്പീപ്പി , ഓക്സ് ഫോര്‍ഡു യൂണിവേഴ്സിറ്റി പ്രസ് 1986 ].
ഇന്ത്യയില്‍ വന്നു ഈ കക്ഷിക്കാരന്‍ ചെയ്തത് സി എസ് ഐ ആറിന്റെ തിരുവനന്തപുരത്തുള്ള റീജയനല്‍ റിസര്‍ച്ചു ലാബില്‍ ജോയില്‍ ചെയ്തു. മുകളിലെ കഥ മനസ്സില്‍ കിടക്കുന്ന നമ്മള്‍ പ്രതീക്ഷിക്കുക പുള്ളിക്കാരന്‍ ഇന്ത്യയില്‍ വന്നു വമ്പന്‍ ഗവേഷണമൊക്കെ നടത്തി പത്തു നൂറു വമ്പന്‍ സെലിബെറേറ്റഡു ഗവേഷണ പേപ്പര്‍ ഒക്കെ പബ്ലിഷ് ചെയ്തു, കോടിക്കണക്കിനു രൂഫാ വിലയുള്ള പേറ്റന്റോക്കെ ഉണ്ടാക്കി, ഒരു നോബല്‍ സമ്മാനം ഒക്കെ കിട്ടി , ചുരുങ്ങിയ പക്ഷം ഇന്ത്യന്‍ നോബല്‍ സമ്മാനം എന്ന് പറയുന്ന ഭട്നാഗര്‍ അവാര്‍ഡു എങ്കിലും കിട്ടി ഇങ്ങിനെ ഇരിക്കുകയാകും എന്നാകും.
പേടിക്കേണ്ട, അങ്ങിനെയുള്ള നല്ല പ്രതീക്ഷകള്‍ ഒന്നുമത്ര ഈസിയായി പൂവണിഞ്ഞ ചരിത്രമില്ല.
എനിക്ക് ഈ ടീമിനോട് ചോദിക്കാനുള്ളത് ഇത്രമാത്രമാണ് :
അല്ലയോ ഗോപാലകൃഷ്ണന്‍ ഡി.ലിറ്റ് (സംസ്കൃതം ),
ശാസ്ത്രജ്ഞന്മാരിലെ ഒരേയൊരു സംസ്കൃത ഡി ലിറ്റ് എന്ന് സ്വയം വിലയിരുത്തുന്ന താങ്കള്‍ ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ എങ്ങിനെ സ്വയം വിലയിരുത്തുന്നു എന്നറിയാന്‍ അതിയായ താല്‍പ്പര്യമുണ്ട് . താങ്കള്‍ പ്രവര്‍ത്തിച്ചിരുന്ന ഗവേഷണ സ്ഥാപനത്തിലെ ഡോ. ജോര്‍ജ് തോമസ്, ഡോ. അയ്യപ്പന്‍ അജയഘോഷ് തുടങ്ങിയ താങ്കളുടെ സഹപ്രവര്‍ത്തകര്‍ക്ക് താങ്കളുടെ മക്കള്‍ ആകാനുള്ള പ്രായമേയുള്ളൂ. കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ പ്രതികൂല സാഹചര്യങ്ങളില്‍ പി എച് ഡി ചെയ്തു പതിയെ ഉയര്‍ന്നു വന്നു അന്താരാഷ്‌ട്ര നിലവാരമുള്ള മികച്ച ജേര്‍ണലുകളില്‍ പേപ്പര്‍ ഒക്കെ പബ്ലിഷ് ചെയ്തു ഭട്നാഗര്‍ അവാര്‍ഡൊക്കെ വാങ്ങി താങ്കളുടെ സഹപ്രവര്‍ത്തകരായ ഇവര്‍ നമ്മളെയൊക്കെ അഭിമാനപൂരിതരാക്കുന്ന ഈ കാലത്ത്, അമേരിക്കയില്‍ ഒക്കെ പോയി ഗവേഷണം നടത്തി വമ്പന്‍ പ്രതീക്ഷകളുമായി തിരികെ വന്ന ഒരു ആള്‍ എന്ന നിലയില്‍, താങ്കളുടെ ശാസ്ത്ര സംഭാവനകള്‍ പരിഗണിക്കുമ്പോള്‍, ശാസ്ത്രഞ്ജന്‍ എന്ന നിലയില്‍ ഒരു പൂര്‍ണ്ണ പരാജയമായിരുന്നു താങ്കള്‍ എന്ന സ്വയം വിലയിരുത്തലിനു എപ്പോഴെങ്കിലും മുതിര്‍ന്നിട്ടുണ്ടോ? അങ്ങിനെ ഒരു വിലയിരുത്തല്‍ നടത്തിയിട്ടുണ്ട് എങ്കില്‍, ശാസ്ത്രത്തില്‍ ഗവേഷണം നടത്തേണ്ട സമയം താളിയോല കാണാപ്പാഠം പഠിക്കാന്‍ പോയതുകൊണ്ടാണ് സയന്റിസ്റ്റ് എന്ന നിലയില്‍ പരാജയപ്പെടാനുള്ള കാരണം എന്ന് താങ്കള്‍ക്കു തോന്നിയിട്ടുണ്ടോ? സര്‍ക്കാരിന്റെ ശമ്പളം വാങ്ങി സര്‍ക്കാര്‍ പറയുന്നത് ചെയ്യാതെ മറ്റു കാര്യങ്ങള്‍ ചെയ്തു സര്‍ക്കാരിനെ പറ്റിച്ചു എന്ന കുറ്റബോധം താങ്കള്‍ക്കുണ്ടോ?
No comments:
Post a Comment