Sunday 20 January 2013

അജ്ഞാതസുന്ദരി

പാതിരാനേരം. നല്ല കൂരാകൂരിരുട്ട് ... 
ഇല വീണാല്‍ ഒച്ച കേള്‍ക്കാം. അത്ര നിശ്ശബ്ദത. 
വിജനമായ സ്ഥലം. അവിടെ ഏകനായി ഒരാള്‍.

തന്റേതല്ലാത്ത ഒരു സ്വരം അവിടെ കേള്‍ക്കുന്നു. 
ഒരു ദീര്‍ഘ നിശ്വാസത്തിന്റെ ശബ്ദം.
മനുഷ്യന്റെ തന്നെയോ .. അതോ വല്ല...

ഓര്‍ക്കാന്‍ വയ്യ... 

അങ്ങനെ ഒരു അര മണിക്കൂര്‍ നേരം. നേരം പോകാതെ പോയി.. തൊണ്ടയില്‍ വരള്‍ച്ച. ആ നിസ്വനത്തിനായി കാതോര്‍ത്തു. ഒരിക്കല്‍ വ്യക്തമായി കേട്ടതാണ്. തോന്നിയതല്ല. വീണ്ടും കേള്‍ക്കാന്‍ ഉള്ള ത്രാണിയില്ല. ഇറ്റു വെള്ളം കിട്ടിയെങ്കില്‍... 

പെട്ടെന്നൊരു തണുത്ത കാറ്റ് വീശി. അത് ആശ്വാസം ആയി. അതിനു ഒരു ഗന്ധം ഉണ്ടായിരുന്നു. സുഗന്ധം. മുല്ലപ്പൂവിന്റെയോ പനിനീര്‍പ്പൂവിന്റെയോ!... 

കാലില്‍ എന്തോ ഒന്ന് സ്പര്‍ശിച്ചു.. നല്ല മിനുസം ഉള്ളത്. അജ്ഞാതസുന്ദരിയുടെ കോമളമായ പാണിയോ! മനസ്സില്‍ ശുഭ പ്രതീക്ഷയെ ഉള്ളൂ. ഭയം എന്തിനു വെറുതെ. ... അത് മെല്ലെ കാലിലൂടെ കയറി വന്നു. ഒരു മാതിരി ഇക്കിളി തോന്നിത്തുടങ്ങി.

അര മണിക്കൂര്‍ മുന്‍പ് കേട്ട ദീര്‍ഘ നിശ്വാസം ഇവളുടെ ആയിരുന്നോ!  അയാള്‍  ആ മൃദുപാണിയില്‍   ചാടിപ്പിടിച്ചു.
പിടിച്ച പിടി വിട്ടില്ല. വിടാന്‍ സാധിച്ചില്ല. രാത്രി മുഴുവനും അങ്ങനെ പിടിച്ചുകൊണ്ടേ ഇരുന്നു. ഒരേ വിചാരത്തോടെ.
ഇനി എന്താ ചെയ്ക.. അതിനെ സ്നേഹിക്കണോ അതോ ഹിംസിക്കണോ? 

അതൊരു ഒന്നാംതരം സര്‍പ്പത്താന്‍ ആയിരുന്നു.

No comments:

Post a Comment