Thursday, 20 June 2013

ഭക്തജനാധിപത്യം

ശാന്തിവിചാരം ബ്ലോഗില് പോലും ഞാന് ക്ഷേത്ര വിഷയങ്ങള് വളരെ കുറഞ്ഞ അളവിലേ എഴുതാറുള്ളൂ. കാരണം എന്തെന്നാല് ഒരു വിഷയം എഴുതണമെങ്കില് ആ വിഷയത്തില് ചിന്തിക്കേണ്ടതുണ്ട്. ക്ഷേത്രകാര്യങ്ങള് അധികവും ഓര്ക്കാന് പോലും സുഖം ഇല്ലാത്തവയാണ്. ദൈവത്തിന്റെ സ്വന്തം നരകം എന്ന പേരിലൂടെ ഞാനുദ്ദേശിച്ചതും ക്ഷേത്രങ്ങളെയാണ്. ഇതാ ഒരു നിത്യസംഭവത്തിന്റെ നാടകീയ ആവിഷ്കാരം. പോരായ്മകളുണ്ടാവും സദയം ക്ഷമിക്കുക.


രംഗം ഒന്ന്
സമയം രാവിലെ 6.30. സ്ഥലം ഒരു ക്ഷേത്രത്തിലെ ദേവസ്വം ഓഫീസ്. ശ്രീകാര്യക്കാരനും ഒരു ഭക്തജനവുമായുള്ള സംഭാഷണം. ഭക്തജനം രസീതെഴുതാനും എണ്ണ കര്പ്പൂരം തുടങ്ങിയവ വാങ്ങാനുമായി കൌണ്ടറിലെത്തി. ശ്രീകാര്യക്കാരനങ്ങനെ പുഞ്ചിരിതൂകി കടാക്ഷി്ച്ചിരുന്നു.

ഭക്ത-  ഒരു ദിവസത്തെ പൂജ....

ശ്രീകാ- എന്നത്തേയ്ക്കാ..

ഭക്ത- ഇന്ന് ചെയ്യാനാ...

ശ്രീകാ- ആരുടെ പേരിലാ..

ഭക്ത- എന്റെ പേരിത്തന്ന്യാ..

ശ്രീകാ... വേറെ എന്തുവാ ചേച്ചീ...

ഭക്ത- എത്രയാ...

ശ്രീകാ- അഞ്ഞൂറ് രൂപ.

ഭക്ത- ഹും.

ശ്രീകാ- വേറെ പുഷ്പാഞ്ജലിയോ.. എണ്ണയോ കര്പ്പൂരോ സാമ്പ്രാണീയൊ...

ഭക്ത- (പേഴ്സ് നോക്കിക്കൊണ്ട്) വേറെ ഇപ്പോന്നും ഇല്ല.

ശ്രീകാ- കാശില്ലേ പിന്നെത്തന്നാലും മതി..

ഭക്ത- തിരുമേനിക്ക് ദക്ഷിണ കൊടുക്കാനുള്ളതും കൂടിയേ എടുത്തൊള്ളൂ.


ശ്രീകാ- (ഗൌരവത്തില്) അതെത്രയാ..

ഭക്ത- നൂറേലും കൊടുക്കണ്ടേ..(ചിരി)

ശ്രീകാ- ഹോ. എന്തിന്? ഇതൊക്കെ അവന്മാരുടെ ഡ്യൂട്ടിയാ.. പത്തു തന്നെ കൂടുതലാണെന്നേ
ഞാന് പറയൂ. ചേച്ചിയൊക്കെ ആകുമ്പം ദേ ഇതുപോലെ ഒന്നു ചിരിച്ചു കാണിച്ചാ മതി.ആ കാശ് കയ്യിലിരിക്കും.

ഭക്ത-  നമ്മടെ തിരുമേനിയാണോ?

ശ്രീകാ- അയള് പോയി. ഇതൊരു പകരക്കാരനാ. അര വട്ടുകേസാ.. ഹ ഹ ഹ..

അവരുടെ സംഭാഷണം നീണ്ടു. ആ സമയം വേറെ ആളുകള് അവിടെ ഇല്ല.

രംഗം രണ്ട്
 സമയം ഏഴുമണി.ക്ഷേത്രത്തിനുള്ളില് ശാന്തിക്കാരന് ഗണപതി ഹോമം കഴിഞ്ഞു പുറത്തെ നടകളിലെ അഭിഷേകത്തിനായി പുറപ്പെടുന്നു. പ്രസ്തുത ഭക്ത രസീത് നടയില് വെച്ചു തൊഴുതു വലത്തു വെയ്ക്കുന്നു. പത്തു മിനിറ്റിനുള്ളില് ശാന്തിക്കാരന് തിരിച്ചെത്തുമ്പോള് ഭക്ത പ്രസാദത്തിന് കാത്തു നില്ക്കുന്നു.

ഭക്ത- ഇന്നത്തെ പൂജ ഞങ്ങടെയാണ..

തിരു- അത് എന്നിട്ട് ഇപ്പഴാണോ പറയുന്നെ...

ഭക്ത- (ചിരി)..പൂജ കഴിഞ്ഞോ?

തിരു- നേദ്യം അരിയിട്ടു തിള പകുതിയായി. ഇനിയെങ്ങനെ?

ഭക്ത- ഉച്ചപ്പൂജ കഴിയുമ്പഴത്തേന് കിട്ടിയാ മതി. പതിനൊന്ന് വരെ സമയമില്ലേ?

തിരു-ഗണപതി ഹോമം കഴിഞ്ഞു.

ഭക്ത- അത് സാരമില്ല ഇന്നെന്റെ പിറന്നാളാ..തിരുമേനി ചെയ്താല് മതി.

തിരു- അരമുക്കാല് മണിക്കൂറായല്ലൊ നിങ്ങള് വന്നിട്ട് ഒരു പത്തു മിനിറ്റ് മുമ്പേ എങ്കിലും വിവരം അറിഞ്ഞിരുന്നെങ്കില് ഇന്ന് എല്ലാം ശരിയാക്കാമായിരുന്നു.ഇതിനകത്ത് വന്നിട്ടും ഒന്നും മിണ്ടാതെ രസീത് പടിയില് എണ്ണയുടെയും സാമ്പ്രാണിയുടെയും അടിയില് കാണാത്ത വിധം വെച്ചു.

ഭക്ത- (മൌനം - മനസ്സില് പിറുപിറുത്തു) ഇയാളൊരു മൊശടന് തന്നെ... ചുമ്മാതല്ല മാനേജര് പറഞ്ഞത് ദക്ഷിണ കൊടുക്കണ്ടന്ന്..ചിരി കൊടുത്താല് മതിയെന്നും മാനേജര് പറഞ്ഞു. അതും ഇയാള് അര്ഹിക്കുന്നില്ല. നല്ല തെറിയാണ് ഇവനോടൊക്കെ പറയണ്ടത്.

തിരു- (അവരോട് സംസാരിക്കാന് താല്പര്യമില്ലാതെ ജോലികളില് വ്യാപൃതനാവുന്നു.)

ഭക്ത- (അറ്റ കൈ എന്ന നിലയില് ദയനീയമായ സ്വരത്തില്) തിരുമേനീ....

തിരു-  ഗൌരവത്തില് നോക്കുന്നു.

ഭക്ത- (ചിരിച്ചുകൊണ്ട് ഒരു കുത്തല് പോലെ) എല്ലാം തിരുമേനീടെ ഇശ്ടം പോലെ ചെയ്യ്.

തിരു- (മുഖം വളിക്കാന് തുടങ്ങുന്നു.അപ്പോള് അവരുടെ അടുത്ത എക്സ്പ്രഷന്. ഒരു കണ്ണ് മാത്രമായി നിമിഷാര്ധത്തില് അടഞ്ഞതുപോലെ.)

ഭക്ത- എന്തായാലും ഞാന് ഉച്ചപ്പൂജ ആകുമ്പൊഴേക്കും വരാം. ദക്ഷിണ അപ്പോ ചെയ്യാം.

തിരു- ഉം.

രംഗം മൂന്ന് സമയം പതിനൊന്നര- ഉച്ചപ്പൂജ കഴിഞ്ഞ്

ദക്ഷിണപ്രലോഭനം കൊണ്ടോ സൈറ്റടി പ്രലോഭനം കൊണ്ടോ നാലഞ്ചുകൂട്ടം പ്രസാദങ്ങള് - ഗണപതിഹോമം, കടുംപായസം, വെള്ളനേദ്യം, പാല്പായസം, തൊടാനുള്ള ഇലയില് പ്രസാദം എന്നിവ- ശാന്തിക്കാരന് പൊതിഞ്ഞു കെട്ടി കാരി ബാഗിലാക്കി മാന്യമായി അവര്ക്കു നല്കി.
അവര് അതു സ്വീകരിക്കാനും പേഴ്സ് എടുക്കാനും മറ്റുമായി അമാന്തിക്കുന്നത് കണ്ട് ശാന്തിക്കാരന് പുറത്തെ നടകള് അടയ്ക്കാനായി തിടുക്കത്തില് പോയി.

ഭക്ത  ഒരു പതിനഞ്ചു രൂപ നടയില് വെച്ചു. ഈ മാന്യത ആദ്യം കാണിച്ചിരുന്നെങ്കില് ഇതിലും എത്രയധികം  ഞാനവന്റെ കയ്യിലോട്ട് വെച്ചു കൊടുത്തേനേ എന്ന് മനസാ പറഞ്ഞുകൊണ്ട് പുറത്തിറങ്ങി. ശാന്തിക്കാരനോട് കിളിനാദത്തില് ഇങ്ങനെ മൊഴിഞ്ഞു.

ഭക്ത - ദക്ഷിണ ഞാനാ പടിയില് വെച്ചിട്ടൊണ്ടേ..

തിരു- ശരിശരി..(മനസാ എന്റെ അനുഗ്രഹം എപ്പൊഴേ ഞാന് നിന്റെ തലയില് വെച്ചു!)

ശാന്തിക്കാരന് വരുമ്പോള് കാണുന്നത് എണ്ണക്കുപ്പികള് സാമ്പ്രാണി എന്നിവ റിട്ടേണ് അടിക്കാനായി വന്ന ശ്രീകാര്യക്കാരനെയാണ്. അയാളുടെ മുഖത്തുമുണ്ട് സൂപ്പര് ചിരി.. എന്തൊരു ബഹുമാനം എന്തൊരു സ്നേഹം. തൃപ്പടിയില് നോക്കുമ്പോള് അവിടെ ഒരു രൂപയുടെ തുട്ടു പോലും ഇല്ലായിരുന്നു താനും.

2 comments: