Monday 11 February 2013

ഡി. വിനയചന്ദ്രന്‍. അനുസ്മരണ

അഭിനന്ദനം 

പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞു പത്രം 
സ്വഭാവമായ്  മന്ദമെടുത്ത നേരം 
അവാര്‍ഡുവൃത്താന്തമറിഞ്ഞു ഞാനും 
തവാന്തികേ വന്നണയാന്‍ കൊതിച്ചു.

അറിഞ്ഞു സാറേ! തവ ചിന്തിതങ്ങള്‍ 
കുറഞ്ഞനാളില്‍ ചെറിയോരു ബന്ധം
വളര്‍ന്നു കൂടാന്‍ പണി! എങ്കിലും ഞാന്‍ 
തരുന്നുനന്നായഭിനന്ദനങ്ങള്‍!

അയച്ചു ഞാന്‍ കത്തുകള്‍ നാള്‍ക്കു മുന്നം 
അവയ്ക്ക് മൌനം ബദലായി വന്നു.
അയച്ചു കൊള്ളുന്നു തുടര്‍ന്നു ഞാനും 
അയക്കുമോ സ്നേഹിത, നിന്റെ വാക്യം?

ഡി. വിനയചന്ദ്രന്‍ സാറിന് അവാര്‍ഡ് കിട്ടിയപ്പോള്‍ അയച്ച പദ്യക്കത്ത്. വര്‍ഷം കൃത്യം ആയി ഓര്‍മയില്ല. ഏതാണ്ട്  1992. മറുപടി ഒന്നും ലഭിച്ചില്ല.

നേരില്‍ കണ്ടപ്പോള്‍, കത്ത് കിട്ടി എന്ന് അദ്ദേഹം സമ്മതിച്ചു.  "കത്തെഴുതാനും കവിത വേണോ? ഗദ്യം പോരെ? പാലം ഉള്ളപ്പോള്‍ ആരെങ്കിലും തോണി കയറുമോ?" എന്നാണു അദ്ദേഹം സൌമ്യനായി ചോദിച്ചത്. 

അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ചിട്ടും എനിക്ക് അദ്ദേഹത്തിന്റെ ആരാധകന്‍ ആവാന്‍ കഴിഞ്ഞില്ല. ഒരുപക്ഷെ തൂലികാസൗഹൃദം ലഭിക്കാതെ വന്നതിനാലുള്ള പരിഭവം അഥവാ നിരാശ മൂലം ആവാം. അനേകം ആരാധകരാല്‍ വീര്‍പ്പുമുട്ടുന്ന കവിക്ക്‌ ഒരാള്‍ ഒഴിവായാല്‍  അത്രയും ആശ്വാസം തോന്നിക്കാണും! 

കവിയുടെ കല്പന കേട്ടപ്പോള്‍ എനിക്ക് കവിതയില്‍ കത്ത് എഴുതിയതിനു കുറ്റ ബോധം അല്ല, കൂടുതല്‍ പദ്യത്തില്‍ എഴുതാനുള്ള  വാശിയാണ് തോന്നിയത്. പൈതഗോറസ് സിദ്ധാന്തം വരെ കവിതയില്‍ ആക്കണം എന്ന് തോന്നി. ഇങ്ങനെ എഴുതി:

പാദം സ്ക്വയറിനോടൊപ്പം 

ലംബം സ്ക്വയറു ചേര്‍ക്കുകില്‍
കര്‍ണം സ്ക്വ യറ തായീടും 
പൈതഗോറസ്സമര്‍ത്ഥനാല്‍!

ഒരിക്കല്‍ നവരാത്രി കാലത്ത് പനച്ചിക്കാട്ട് ക്ഷേത്രത്തില്‍ അദ്ദേഹത്തോടൊപ്പം ഒരു കവിയരങ്ങില്‍ കവിത അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. "കോലങ്ങള്‍" എന്ന കവിത ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. ഞാന്‍ അവതരിപ്പിച്ചത് "മരങ്ങള്‍" എന്ന കവിതയും. കോലങ്ങള്‍ ഹിറ്റായി. മരങ്ങള്‍ കാട്ടിലും ആയി. മനുഷ്യന്‍ കാണാത്ത ഇടത്ത്! 

എന്റ കവിത ആശയങ്ങളെ ഉള്‍ക്കൊള്ളാന്‍ ചിലര്‍ക്കൊക്കെ എന്തോ വൈമനസ്യം ഉള്ളതുപോലെ തോന്നി. സമൂഹത്തിനു വേണ്ടത് എന്റെ മൌനം ആണെങ്കില്‍ അത് തന്നെ വേണ്ടേ കൊടുക്കാന്‍!  ഞാന്‍ തുടര്‍ന്ന്  പ്രസിദ്ധീകരണം ഒഴിവാക്കുകയും സംയമനമാര്‍ഗ്ഗം അവലംബിക്കുകയും ചെയ്തു. അതുകൊണ്ട് രചനാരംഗത്ത് ഗാഡമായും ഗൂഡമായും കൂടുതല്‍ advance ചെയ്യാന്‍ സാധിച്ചു എന്ന് വിചാരിക്കുന്നു. 

ഇപ്പോള്‍ ഇഹലോകമുക്തന്‍ ആയി അക്ഷരങ്ങളുടെ അനശ്വരമായ സ്വര്‍ഗത്തിലേക്ക് പോകും വഴി "നരകം ആവുന്ന" ഈ ഇടത്താവളം അദ്ദേഹത്തെ സ്വീകരിക്കാന്‍ ആദരാഞ്ജലികളോടെ  ഒരുങ്ങിനില്‍ക്കുന്നു.  

No comments:

Post a Comment